വളരെ പ്രസക്തവും പ്രധാനപ്പെട്ടതും വേഗത്തിൽ നടപ്പിലാക്കേണ്ടതുമായ ഒന്നുമാണ് ശ്രീ.സന്തോഷ്ജോർജ്ജ് കുളങ്ങരയുടെ ഈ പ്രസ്താവന. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : -
"നമ്മുടെ വിദ്യാഭ്യാസത്തിൽ കൃഷി ഒരു വിഷയമായി മാറണം. അഞ്ചു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ആഴ്ചയിൽ രണ്ടു ദിവസം കൃഷിചെയ്യുന്നു എന്നുറപ്പു വരുത്തണം. സ്കൂളുകളിൽ കൃഷിയിടങ്ങൾ നിർബന്ധമാക്കണം. കൃഷിചെയ്യാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്തു കുറഞ്ഞത് ഓരോ സെന്റുവീതം ഒരുകുട്ടിക്കു കൃഷിചെയ്യാൻ വിട്ടുകൊടുക്കുക. അവർ ഓരോവർഷവും അവരുടെ സ്ഥലത്ത് എടുക്കുന്ന വിളവിനു അവർക്ക് മാർക്കും കൊടുക്കണം . പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്കും കുറച്ചു കുട്ടികളെങ്കിലും തീരുമാനമെടുത്തിരിക്കും എന്റെ മേഖല കൃഷി ആണെന്ന് . അങ്ങനെ കൃഷിയെ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയും''
കൃഷി എന്നത് വെറും ഒരു ജോലിയോ വരുമാന മാർഗമോ അല്ല കാർഷിക സംസ്കാരം എന്നത് ഒരു സാമൂഹിക ഘടനയുടെ അടിസ്ഥാനമാണ്.
ലോകത്തെ എല്ലാസംസ്കാരവും ഉടലെടുത്തത് കൃഷിയിൽ നിന്നാണ്. പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ട് പഠിച്ചെടുത്തതാണ് കൃഷി. മലയാളി സംസ്കാര സമ്പന്നനായത് കൃഷിയുടെ നന്മകൊണ്ടാണ്. കൃഷിയുടെ സൗന്ദര്യം പേരിൽ തന്നെയുള്ള നാടാണ് കേരളം. നെൽകൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ടായിരുന്നു .നമുക്ക് സ്വന്തമായ കൃഷിയറിവുകളുണ്ടായിരുന്നു. വിഷു മുതൽ ആരംഭിക്കുന്നതാണ് നമ്മുടെ കാർഷിക വർഷം. ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ് കൃഷി ചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരിലറിയപ്പെടുന്ന 27 ഞാറ്റുവേലകളാണ് നമുക്കുള്ളത്. സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഞാറ്റുവേല, പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലമനുസരിച്ചാണ് വിളവിറക്കിയിരുന്നത്. രോഹിണിയിൽ പയർ, തിരുവാതിരയിൽ കുരുമുളക്, അത്തത്തിൽ വാഴ ഇങ്ങനെയെല്ലാം ആയിരുന്നു അത്. ആധുനിക കാലാവസ്ഥ പഠനശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യരൂപമായിരുന്നു ഞാറ്റുവേലകൾ.
നമ്മുടെ കാർഷിക വൃത്തിയുടെ അടിത്തറ നെൽകൃഷിയായിരുന്നു. നെൽവയലുകളുടെ നാടാണ് കേരളം. വിശാലതയുടെ പര്യായങ്ങളായിരുന്നു ഓരോ നെൽപ്പാടങ്ങളും. വയലുകളിൽ നീണ്ട് നിവർന്ന് കിടന്ന ഗ്രാമഭംഗികൾ ഇന്ന് അസ്തമിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ കാർഷിക മേഖലയിലെ തകർച്ച ഭയപ്പെടുത്തുന്നതാണ്. 1970-71 ൽ 8.75 ലക്ഷം ഹെക്ടർ സ്ഥലത്താണ് നാം നെല്ലുൽപ്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇന്നത് 2 ലക്ഷം ഹെക്ടറിൽ താഴെയാണ്.
കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ നമുക്കിപ്പോൾ ജീവവായു പോലെയാണ്. പക്ഷേ മനുഷ്യന്റെ ഇന്നോളമുള്ള കണ്ടെത്തലുകളിൽ ഒന്നൊഴികെ മറ്റെല്ലാം ഇല്ലാതായാലും നമുക്ക് ജീവിക്കാനാകും. മഹത്തായ ഈ കണ്ടുപിടിത്തമാണ് കൃഷി. മറ്റെല്ലാത്തിലും ഉപരി കൃഷി എന്നത് സ്വയം പര്യാപ്തതയുടെ കൊടിയടയാളം ആണ്, അധ്വാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അറിവിന്റെ, സംസ്കാരത്തിന്റെ, സന്തോഷത്തിന്റെ അങ്ങനെയങ്ങനെ മനുഷ്യജീവിതവുമായി ഏറ്റവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സംസ്കാരത്തിന്റെ ബാല പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ നമ്മുടെ കുട്ടികൾ….
#education #agriculture #agriculturelife #agricultureindia #agriculturekerala #santhoshgeorgekulangara #santhoshgeorgekulangara
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------