ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം .
വിൽപ്പത്രം അവകാശികൾ അല്ലാത്തവരുടെ പേരിലും എഴുതിവെക്കാം....
എഴുതി വെച്ച ആളുടെ മരണശേഷം മാത്രമേ വിൽപ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ ...
ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും...
1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ ഇപ്പോഴേ പരിഹരിക്കണം.
അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ പരിഹരിക്കുവാൻ ശ്രമിക്കണം.
2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം.
വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.
3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ്. വഴിക്കു വേണ്ടിയും സ്വന്തം സ്ഥലത്തിന്റെ ഗുണപരമായ ഉപയോഗത്തിന് വേണ്ടി അയൽക്കാരനിൽ നിന്ന് ചെറിയ വിസ്തീർണ സ്ഥലം വാങ്ങുമ്പോഴും രജിസ്റ്റർ ചെയ്തു തന്നെ വാങ്ങണം. വാക്കാൽ പറഞ്ഞോ എഗ്രിമെന്റ് മുഖേനയോ വാങ്ങുന്നത് ഭാവിയിൽ പല ദോഷങ്ങളും ചെയ്തേക്കാം.
നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.
4. ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം . മുൻ ആധാരത്തിന്റെ കോപ്പി അറ്റസ്റ്റ് ചെയ്ത് കൈവശമുണ്ടാവണം. ഓരോ വർഷവും ഭൂമിയുടെ കരമടച്ച രസീതും, കെട്ടിടനികുതി അടച്ച രസീതും നഷ്ടപ്പെടാതെ ക്രമമായി സൂക്ഷിച്ചുവെക്കണം. ഭൂമിയുടെ കരമടയ്ക്കുന്നത് വസ്തു ഉടമയുടെ പേരിൽ അല്ലെങ്കിൽ പോക്കുവരവ് നടപടിക്രമങ്ങൾ നടത്തി വസ്തു സ്വന്തം പേരിൽ തണ്ടപ്പേർ പിടിച്ച് കരമടയ്ക്കണം......
ഇനിയുമുണ്ട് കാര്യങ്ങൾ......!!!!
തയ്യാറാക്കിയത്
🟡Adv. K. B Mohanan
9847445075🟡
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------